Monday, November 22, 2010

ജീവന്‍

പ്രണയം വികാരമല്ലേ?
ബുദ്ധി ഭൌതികമല്ലേ ?
ജീവന്‍ തുടര്‍ച്ചയല്ലേ?
ഓര്‍മ്മ സങ്കലനമല്ലേ?
ഞാനും നീയും,
പച്ചയായ മനുഷ്യരല്ലേ?

അതുകൊണ്ട്,
എന്‍റെ കൂട്ടുകാരാ,
നീ മലകയറുകയും,
കുരിശു വരക്കുകയും,
കല്ലെറിയുകയും,
ചെയ്യുമ്പോള്‍,
മാനം നോക്കി,
മഴ നനഞ്ഞു,
ലഹരി നുകര്‍ന്ന്‍,

ഞാന്‍ നിന്നെക്കാള്‍
ഉന്മത്തന്‍ ‍...
സംതൃപ്തന്‍ ....

Friday, October 29, 2010

എത്തീസം

 ആശയങ്ങളുടെ വെണ്ണിരിന് 
പൂജ ചെയ്യുന്നവരോട് ...
നിങ്ങള്‍ ‍,
 കാലഹരണപെട്ട ഒരു വേശ്യയുടെ
കൂട്ടി കൊടുപ്പുകാരാണ്..
ഇന്ന്
ഓരോ മുക്കിലും മൂലയിലും
ദൈവങ്ങള്‍
കടിഞ്ഞൂല്‍ പ്രസവിക്കുന്നു..

ഇനി നിന്നോട്,
നീ  നീന്തി തുടിക്കുന്നത്
ചിന്തയുടെ
കാളിന്തീ ഗര്‍ഭത്തിലാണ്   ....
ചുറ്റുമുള്ളത്‌  വെളുപ്പെന്നു 
തോന്നത്തക്കവണ്ണം
നീ  കറുത്ത് പോയിരിക്കുന്നു,,,
*****************
ഇതാ ഈ വരികള്‍ക്കൊപ്പം  
രാകി മൂര്‍ച്ചകൂട്ടിയ
ഒരു കത്തിയുണ്ട്‌.
അത് നിനക്ക്.
നിന്റെ ജനനത്തിനും മുമ്പുതൊട്ടേ  
നിനക്ക് നിന്റെതല്ലാത്ത  
ഒരു പൊക്കിള്‍കൊടി കൂടെ
ഉണ്ടായിരുന്നു...
അതറത്ത് കളയുക..

ഇനി നീ 
ചിന്തകള്‍ തുലാഭാരം തൂക്കരുത്...

Monday, October 11, 2010

യവനന്‍

ഇടി മിന്നലുകളള്ളി  പറിച്ച വേദനയില്‍ കൈയമര്‍ത്തി ,
തുടക്കങ്ങള്‍ തിരികെ വാങ്ങാനായി ,
ഒരു കളിമണ്‍ ശില്പിയുടെ മലയിറക്കം...

കൂട്ടുചിതകളില്‍ നിന്നും,
അതിര്‍ത്തിയുടെ ഇരു കരകളില്‍ നിന്നും,
ചേരിയുടെ കരിഞ്ഞ മണങ്ങളില്‍ നിന്നും,
തീക്കനല്‍ തിരികെ ഏല്‍പ്പിക്ക..

ഇനിയതിരിക്കട്ടെ,...
ദയോജെനിസിനു,
പകല്‍ വെളിച്ചത്തിലവനാളെ  തിരയട്ടെ...
ബുദ്ധ ഭിക്ഷുവിന്‌ ,
പ്രേതിഷേധാഗ്നിയായി അവനിരുന്നെരിയട്ടെ...

Saturday, October 9, 2010

തിരിഞ്ഞു  നോക്കിയാല്‍ ,
സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള മുറവിളി.
നീണ്ടു വരന്ന കൈകളുടെ ,
ആര്‍തിരമ്പല്‍ ...
വിരലുകള്‍ക്കിടയിലെ വിള്ളലുകളിലേക്ക്,
പരസ്പരം കോര്‍ത്തിണങ്ങാന്‍ ക്ഷണിക്കുകയാണ്....

മരണത്തിന്റെ ആഴങ്ങളില്‍ നിന്നും തണുത്തുറഞ്ഞവ ,
വിരലിന്റെ ആദ്യങ്ങളില്‍ തഴമ്പ് പിടിച്ചവ,
ചൂണ്ടു വിരലുകളില്‍ ചോര ചീന്തുന്നവ,

ഇനി പുറം തിരിയല്‍ ..
നിണം മറന്ന്...
മണം മറന്ന്...
ചൂടും ചൂരും മറന്ന്...
പുറകില്‍ ,
ബന്ധങ്ങളുടെ
ശവ  ഘോഷയാത്രയും കടന്നു,
ഒറ്റയടി പാതകളിലേക്കു... 
കുറ്റ  ബോധങ്ങളുടെ,
കര്‍മപരമ്പരകളില്‍  നിന്നും
ഒരു പാതി മുറിയല്‍ ‍...

Thursday, August 5, 2010

ഇന്ന്....

അമ്മ,
മൂന്ന് ഓട്ട വീഴ്ത്തി, വെള്ളം ചോര്‍ത്തി,
തെക്കൊട്ടെറിഞ്ഞ  മന്കലം...

അച്ഛന്‍,
പെരുവിരലോളം പോന്ന
വലിയൊരു കടം... 

അനിയന്‍,
ഞാന്‍ യാത്രയുടെ അപ്പുറമെങ്കില്‍,
നീ ഇപ്പുറം... 

വീട്,
ഒഴിഞ്ഞു വെച്ച പഞ്ചസാര ഭരണി...
ഇന്നവിടെ
ഉറുമ്പുകള്‍ തീവണ്ടിയോടിച്ചു
കളിക്കുകയാണ്....

ഞാന്‍,
മുറികുടം പൊട്ടിയൊലിച്,
ഇന്നും 
ഉറക്കത്തെ കൊല്ലുകയാണ്‌...
ദക്ഷിണ നല്‍കാതെ എനിക്ക് പോകണം,
മഴ പെയ്യാത്ത നാട്ടിലേക്ക്..
 

Saturday, June 19, 2010

എനിക്ക് നിന്നോട് പറയാനുള്ളത്...

.
ചിരിച്ചും കരഞ്ഞും..
ഒടുവിലോര്‍മ്മയിലൊരുകനമായി,
നിഴലുകള്‍ പലതും യാത്രയാവും....
വരിയും വരകളും ചിതലരിക്കും...
യാത്രയുടെ വാതിലഴിക്കപ്പുരം,
ഓരോ കാഴ്ച്ചയായി,
ഞാനും, നീയും,
പിന്നെയീ നിമിഷവും  മറയും....
എങ്കിലും...
വെറുതെ എന്നെങ്കിലും...
ഒന്നുറിച്ച്ചിരിക്കാന്‍....
വിതുമ്പി കരയാന്‍....
ഓര്‍ത്തിരിക്കാന്‍............

Thursday, June 10, 2010

നിഴലുകള്‍ ഇല്ലാത്ത ചിത്രങ്ങള്‍ ആണത്രേ ഓര്‍മ്മകള്‍ ........
വെളിച്ചം വിട പറഞ്ഞീ സന്ധ്യയില്‍ ,
 പടിക്കല്‍ ഒറ്റക്കിരിന്നു ,
കനത്തില്‍ വരചെടുത്തോരിത്തിരി ,
നിഴലില്ലാ  നിറക്കൂട്ടുകള്‍ .........

                                                                             

Sunday, March 22, 2009

എന്ടെ കവിതകള്‍ .......

ഏകാന്തതയുടെ ദുഖമാണ് കവിതകള്‍ ,
പ്രണയത്തിന്ടെ രാഷ്ട്രീയം ,
പ്രണയിക്കപെടാത്തവന്ടെ വിപ്ളവം ,

നിശബ്ദതയുടെ ഭ്രാന്താണ് കവിതകള്‍ ,
അരണ്ട ജനല്‍ വെളിച്ചത്തില്‍ എഴുതി ഒഴിയുവാന്‍
കഴിയാതെ പോയ വാക്കുകള്‍ ....................